തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടയുകയാണ്. മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വൈകിട്ട് ആറ് മണി വരെ നീണ്ടുനിൽക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
തലസ്ഥാന നഗരത്തിൽ തമ്പാനൂർ, കണിയാപുരം, നെടുമങ്ങാട് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തിറക്കാൻ അനുവദിക്കാതെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കണിയാപുരത്ത് ഒന്നര മണിക്കൂറിലേറെ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തെക്കൻ കേരളത്തിന് പുറമെ ഇടുക്കി തൊടുപുഴ ടൗണിലും വടക്കൻ പറവൂരിലെ കച്ചേരിപ്പടിയിലും ഹർത്താൽ അനുകൂലികൾ ബസുകളും ഓട്ടോറിക്ഷകളും തടയുന്നത് ഗതാഗതത്തെ ബാധിച്ചു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വിവിധ ഇടങ്ങളിൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങൾ നിർബന്ധപൂർവ്വം തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധം ശക്തമാണ്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോളേജിൽ നിലനിൽക്കുന്ന ജാതി വിവേചനത്തെക്കുറിച്ച് പരാതികൾ നൽകിയിട്ടും അത് ഗൗനിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോളേജിൽ വിവേചനം നടക്കുന്നില്ലെന്ന മാനേജ്‌മെന്റിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.
