പുലർച്ചെ ജോലിക്കിടെ ആക്രമണം; ഡി.എഫ്.ഒയെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം: കരുവാരക്കുണ്ടിൽ റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണമേറ്റ തൊഴിലാളി മരിച്ചു. കരുവാരക്കുണ്ട് സ്വദേശി ജംഷീർ (40) ആണ് മരിച്ചത്. മണലിയംപാടം ഭാഗത്ത് റബർ തോട്ടം പാട്ടത്തിനെടുത്ത് ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച പുലർച്ചെ ടാപ്പിംഗ് നടത്തുന്നതിനിടയിൽ അപ്രതീക്ഷിതമായി എത്തിയ കാട്ടാന ജംഷീറിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ജംഷീറിന്റെ കാലിന് ഗുരുതരമായി പരുക്കേൽക്കുകയും തുടർന്ന് ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, സംഭവത്തിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം ഉയർന്നു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിയ ഡി.എഫ്.ഒയെ ബന്ധുക്കളും നാട്ടുകാരും തടഞ്ഞു വെച്ചു. കരുവാരക്കുണ്ട് മേഖലയിൽ കാട്ടാനശല്യം അതീവ രൂക്ഷമാണെന്നും ചൂട് വർദ്ധിച്ചതോടെ വനത്തിനുള്ളിൽ നിന്ന് ആനകൾ വ്യാപകമായി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യവുമായാണ് പ്രതിഷേധം തുടരുന്നത്.
