ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടി കർണാടക സർക്കാർ. വിമാനത്താവളം എവിടെയാകുമെന്ന കാര്യത്തിൽ പഠനങ്ങൾ തുടരുന്നതിനിടെ, തെക്കൻ ബെംഗളൂരുവിൽ പദ്ധതി നടപ്പാക്കാമെന്ന സൂചന കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നൽകി.
ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ഷോർട്ട്ലിസ്റ്റ് ചെയ്ത സ്ഥലങ്ങളിൽ കനകപുര റോഡിനടുത്തുള്ള ചുഡഹള്ളിയും സോമനഹള്ളിയും മുൻപന്തിയിലാണ്. കൂടാതെ നെലമംഗല–കുനിഗൽ റോഡിനടുത്തുള്ള മറ്റൊരു സ്ഥലവും പരിഗണനയിൽ തുടരുന്നു.
പദ്ധതി പ്രദേശം തിരഞ്ഞെടുക്കുന്നതിൽ മികച്ച കണക്റ്റിവിറ്റി, സാമ്പത്തിക സാധ്യത, ഭൂമിശാസ്ത്ര ഘടകങ്ങൾ എന്നിവ നിർണായകമാകും. ഏകദേശം 4,500 ഏക്കർ വിസ്തൃതിയുള്ള ഭൂമി പദ്ധതിക്കായി ആവശ്യമായതായി വിലയിരുത്തപ്പെടുന്നു. കനകപുര മേഖലയിൽ റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ വികസന സാധ്യതകൾ നിലനിൽക്കുമ്പോൾ നെലമംഗല പ്രദേശം വ്യാവസായിക മേഖലകളുമായി മികച്ച ബന്ധം ഉറപ്പാക്കുന്നു.
സ്ഥലങ്ങൾ അന്തിമമാക്കുന്നതിനായി വിശദമായ സാധ്യതാ പഠനം നടത്താൻ മെയിൻഹാർട്ട്–കെപിഎംജി കൺസോർഷ്യത്തെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 4.96 കോടി രൂപ ചെലവിൽ നടക്കുന്ന പഠനം പൂർത്തിയാക്കാൻ അഞ്ച് മാസം വരെ സമയമെടുക്കും. മണ്ണിന്റെ ഘടന, ഭൂപ്രകൃതി, ഡ്രെയിനേജ് സംവിധാനം, റോഡ്–റെയിൽ കണക്റ്റിവിറ്റി, നിലവിലെ വിമാനത്താവളങ്ങളുടെ സമീപ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തലിൽ ഉൾപ്പെടും.
ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ ജനസംഖ്യയും യാത്രക്കാരുടെ എണ്ണവും വേഗത്തിൽ വർധിച്ചുവരികയാണ്. നിലവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം നടന്നിട്ടുണ്ടെങ്കിലും, വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ രണ്ടാം വിമാനത്താവളത്തിന്റെ ആവശ്യകത ശക്തമായി ഉയർന്നിരിക്കുകയാണ്.
