കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് കിണറ്റിൽ വീണു. നന്തിബസാർ ടൗണിലെ നിസാർ മൻസിലിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് സംഭവം.
രാവിലെ വീട്ടമ്മ കിണറിലെ ഗ്രിൽ നീങ്ങിയത് ശരിയാക്കാൻ എത്തിയപ്പോഴാണ് കിണറ്റിനകത്ത് ആളെ കണ്ടത്. ആദ്യം തേങ്ങയാണെന്ന് കരുതിയെങ്കിലും മുകളിലേക്ക് നോക്കിയപ്പോൾ ആളാണെന്ന് മനസിലായതോടെ ഭീതിയോടെ നിലവിളിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുടമയും മകനും സ്ഥലത്തെത്തി പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.
കിണറിന്റെ ഗ്രിൽ നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് കാൽ തെറ്റി കിണറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 24 അടി താഴ്ചയുള്ള കിണറിലായിരുന്നു ഇയാൾ വീണത്.
വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ്, ഫയർഫോഴ്സ് സംഘം എന്നിവർ സ്ഥലത്തെത്തി നെറ്റ് ഉപയോഗിച്ച് യുവാവിനെ പുറത്തെടുത്തു. തുടർന്ന് ഫയർഫോഴ്സ് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
