ദില്ലി: ജോലി തിരക്കുകളും ഡെഡ്‌ലൈനുകളും നിറഞ്ഞ ഓഫീസ് ജീവിതത്തിനിടെ ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ടീം ഐക്യം ശക്തിപ്പെടുത്താനുമായി വ്യത്യസ്തമായൊരു മാതൃക നടപ്പിലാക്കി ഒരു ഇന്ത്യൻ സംരംഭക ശ്രദ്ധ നേടുന്നു. ‘കെകെ ക്രിയേറ്റ്’ സ്ഥാപകയായ കാവ്യ കർണാടകയാണ് ദിവസേന ഒരു മണിക്കൂർ ‘ഓഫീസ് പിക്നിക്’ എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്.
കമ്പനിയിലെ 40 അംഗങ്ങളുള്ള ടീം ഓരോ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് ജോലി നിർത്തിവെച്ച് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാരെ ഒരുമിച്ച് കൂട്ടുകയും പരസ്പര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഇത് സഹായിക്കുന്നുവെന്ന് കാവ്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഓഫീസിലെ ഈ കൂട്ടായ ഭക്ഷണക്രമത്തിൽ ഔദ്യോഗികമായ ഇരിപ്പിടങ്ങളോ ക്രമീകരണങ്ങളോ ഇല്ല. ജീവനക്കാർ സ്വമേധയാ ഇടം കണ്ടെത്തി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുന്നു. ചിലർ നിൽക്കുകയും ചിലർ ചെറു ഇടങ്ങളിൽ ഇരിക്കയും ചെയ്യുന്ന ഈ സൗഹൃദാന്തരീക്ഷത്തിൽ പദവിയുടെയും സ്ഥാനത്തിന്റെയും വേർതിരിവില്ല. മാനേജർമാരും പുതുതായി ജോലിയിൽ ചേർന്നവരും ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കിടുന്നതിലൂടെ ഓഫീസിൽ കൂടുതൽ സൗഹൃദവും ഐക്യവും വളരുന്നുവെന്നാണ് വിലയിരുത്തൽ.
