മലപ്പുറം: ജില്ല വിഭജനം വീണ്ടും ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവച്ചത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്.
പ്രമേയപ്രകാരം, ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി “മലപ്പുറം” എന്ന പേരിൽ ഒരു ജില്ലയും, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി “തിരൂരങ്ങാടി” എന്ന പേരിൽ മറ്റൊരു ജില്ലയും രൂപീകരിക്കണമെന്നാണ് നിർദ്ദേശം. പുതിയ ജില്ലയുടെ ആസ്ഥാനം തിരൂരങ്ങാടിയാകണമെന്നും ആവശ്യപ്പെട്ടു.
വലിയ ജനസംഖ്യയുള്ള ജില്ലകളെ ചെറിയ, കാര്യക്ഷമ ഭരണഘടനകളാക്കി പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. വിഭജനത്തിലൂടെ ഭരണ കാര്യക്ഷമത വർധിക്കുകയും സർക്കാർ സേവനങ്ങൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തുകയും ചെയ്യും. കൂടാതെ പ്രദേശിക വികസന അസമത്വം കുറയുകയും പുതിയ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിൽ അവസരങ്ങൾക്കും വഴി തുറക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന നേതൃത്വം എന്ത് തീരുമാനം എടുക്കുമെന്നതിലാണ് രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
