തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ടെൻഷൻ ഉണ്ടെങ്കിലും പോസിറ്റീവ് ഫലം ലഭിക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ച് നേമം യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ. ടെൻഷൻ ഇല്ലെന്ന് പറയുന്നത് യാഥാർത്ഥ്യമല്ലെന്നും എല്ലാ സ്ഥാനാർത്ഥികൾക്കും അതുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ ആത്മവിശ്വാസം നൽകുന്നതായും ശബരീനാഥൻ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാൻ കഴിഞ്ഞതായും കോൺഗ്രസിന് നേമത്ത് ഉറച്ച വോട്ട്ബേസ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദായ സമവാക്യങ്ങൾ യുഡിഎഫിന് അനുകൂലമാണെന്നും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വോട്ടുകൾ നേടാൻ കഴിവുള്ളത് യുഡിഎഫ് സ്ഥാനാർത്ഥിക്കാണെന്നും ശബരീനാഥൻ പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർത്ഥി എസ്ഡിപിഐയുടെ വോട്ടുകൾ നിരസിച്ചിട്ടില്ലെന്ന കാര്യവും ജനങ്ങൾ വിലയിരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ശക്തമായ മതരാഷ്ട്രീയം മുന്നോട്ട് വയ്ക്കുമ്പോൾ എൽഡിഎഫും മറ്റൊരു തീവ്ര നിലപാടിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലും അദ്ദേഹം നടത്തി. കഴിഞ്ഞ തവണ ലഭിച്ച വോട്ടിനെക്കാൾ കൂടുതൽ നേടാനാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
എൻഡിഎയുടെ പണമൊഴുക്ക് വലിയ വെല്ലുവിളിയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ചെലവുകൾ വരെ നേമത്ത് വിനിയോഗിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഫ്‌ളക്‌സുകൾ സ്ഥാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തിലെ വിവിധ പ്രശ്‌നങ്ങളിൽ കഴിഞ്ഞ രണ്ടര വർഷമായി സജീവമായി ഇടപെട്ടുവരുന്നതായി പറഞ്ഞ ശബരീനാഥൻ, നേമത്തിലെ യഥാർത്ഥ രാഷ്ട്രീയ സമവാക്യങ്ങൾ പുറത്തുനിന്ന് മനസ്സിലാക്കാനാകില്ലെന്നും അവസാന ഫലം അനുകൂലമായിരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുമായി വ്യക്തിപരമായ നല്ല ബന്ധം നിലനിൽക്കുന്നതായും തെരഞ്ഞെടുപ്പ് ഫലങ്ങൾ അതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
