കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരിൽ വീണ്ടും ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നു. ‘നാടിന്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം’ എന്ന മുദ്രാവാക്യത്തോടെയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. കാടാച്ചിറയിലെ യൂത്തന്മാർ എന്ന പേരിലാണ് ബോർഡ് ഉയർത്തിയത്.
‘ആയിരം തെരഞ്ഞെടുപ്പുകൾ തോറ്റാലും ഒരു വർഗീയ വാദിയുടെ വോട്ടുപോലും വേണ്ട’ എന്ന സന്ദേശവും ഫ്‌ളക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് മുമ്പും കണ്ണൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്ന സന്ദേശത്തോടെയായിരുന്നു മുൻ ഫ്‌ളക്‌സ്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളായ മൂവാറ്റുപുഴ, തൊടുപുഴ, എറണാകുളം കങ്ങരപ്പടി എന്നിവിടങ്ങളിലും സമാനമായ ഫ്‌ളക്‌സുകൾ ഉയർന്നിട്ടുണ്ട്. ‘പട നയിച്ചവൻ നാട് നയിക്കും’, ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, വി ഡി സതീശന് പിന്തുണയുമായി മുസ്‌ലിം ലീഗും രംഗത്തെത്തി. എക്സിറ്റ് പോളുകളിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ ലഭിച്ചതിനെ അടിസ്ഥാനപ്പെടുത്തി ജനാഭിപ്രായം പരിഗണിക്കണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമായിരുന്നു. തുടർന്ന് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ നിയന്ത്രിക്കാൻ ഹൈക്കമാൻഡ് കെപിസിസിക്ക് നിർദേശം നൽകിയിട്ടുണ്ട്.

