തിരുവനന്തപുരം: ബെംഗളൂരുവിൽ മരണപ്പെട്ട മലയാളി നഴ്‌സിങ് വിദ്യാർത്ഥി ആദിത്യന്റെ കുടുംബത്തെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ ഉറച്ച നിലപാട് എടുത്ത ആദിത്യനെ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോളേജ് മാനേജ്മെന്റിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
സംഭവത്തിൽ കര്‍ണാടക പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രതികൾ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധങ്ങൾ നീതി നടപ്പാക്കുന്നതിന് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ കേരള സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ 19കാരനായ ആദിത്യൻ ബെംഗളൂരുവിലെ ഒരു നഴ്‌സിങ് കോളേജിൽ രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
