പത്തനംതിട്ട: മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നടൻ സന്തോഷ് നായർ (65) വാഹനാപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സന്തോഷിനെയും ഭാര്യയെയും ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ചികിത്സയിൽ തുടരുകയാണ്.
നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സന്തോഷ് നായർ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്. 1982-ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ഏപ്രിൽ 18’, ‘ഇവിടെ തുടങ്ങുന്നു’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. 1985-ൽ മാത്രം പതിനെട്ടോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ ലോറൻസ്, ‘യുവജനോത്സവം’ സിനിമയിലെ നിസ്സാർ തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച വേഷങ്ങളാണ്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം വില്ലനായി തിളങ്ങിയ അദ്ദേഹം ‘ചന്ദ്രോത്സവം’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’, ‘വിഷ്ണുലോകം’, ‘കമ്മത്ത് & കമ്മത്ത്’ തുടങ്ങിയ ചിത്രങ്ങളിൽ കോമഡി കലർന്ന വേഷങ്ങളിലും അദ്ദേഹം മികവ് തെളിയിച്ചു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് നായർ വിദ്യാഭ്യാസ കാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു. ‘മോഹിനിയാട്ടം’ ആണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. മലയാള സിനിമയിലെ ഒരു തലമുറയുടെ കരുത്തുറ്റ മുഖമായിരുന്ന സന്തോഷ് നായരുടെ വിയോഗത്തിൽ ചലച്ചിത്ര ലോകം അനുശോചിച്ചു.

