Home Keralaമുഖ്യമന്ത്രി കസേരയ്ക്കായി പോര് തെരുവിലേക്ക്; കെ.സി. വേണുഗോപാലിന്റെ ബോർഡിൽ കരിഓയിൽ പ്രയോഗം, തലസ്ഥാനത്ത് ഫ്ലക്സ് യുദ്ധം

മുഖ്യമന്ത്രി കസേരയ്ക്കായി പോര് തെരുവിലേക്ക്; കെ.സി. വേണുഗോപാലിന്റെ ബോർഡിൽ കരിഓയിൽ പ്രയോഗം, തലസ്ഥാനത്ത് ഫ്ലക്സ് യുദ്ധം

by news_desk
0 comments

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കം തെരുവിലേക്ക് പടരുന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകളിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചു. ‘We Want KC… Warm Welcome Leader’ എന്നെഴുതിയ ബോർഡുകൾക്ക് നേരെയാണ് ഇന്നലെ അർദ്ധരാത്രിയോടെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ ഓഫീസ് പരിസരത്തെ കെ.സി. അനുകൂല ബോർഡുകളെല്ലാം നീക്കം ചെയ്തു.

അതേസമയം, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. വെള്ളയമ്പലം ജംഗ്ഷനിൽ ‘നാച്ചുറൽ ചോയ്‌സ്’ എന്ന തലക്കെട്ടോടെ സതീശന്റെ കൂറ്റൻ ഫ്ലക്സ് ബോർഡുകളാണ് ഉയർന്നിരിക്കുന്നത്. കെ.സി. വേണുഗോപാൽ പക്ഷത്തെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി മുറുകുന്നത് പ്രവർത്തകർക്കിടയിലും കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും 63 കോൺഗ്രസ് എംഎൽഎമാരെയും നേരിൽ കണ്ട് അഭിപ്രായം തേടി. 48 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുമ്പോൾ, 35 പേർ തങ്ങൾക്കൊപ്പമുണ്ടെന്ന് വി.ഡി. സതീശൻ പക്ഷവും 23 പേരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നു. എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും വികാരം ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് സമർപ്പിക്കും. ഞായറാഴ്ചയോടെ ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

You may also like