വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ മൂന്ന് അമേരിക്കൻ നാവിക കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ആക്രമണങ്ങളെ നിമിഷനേരം കൊണ്ട് പ്രതിരോധിച്ചതായും കപ്പലുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കൻ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്തതായും ആക്രമണം നടത്തിയ ഇറാൻ ഭാഗത്ത് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.
എത്രയും വേഗം ഇറാൻ പുതിയ കരാറിൽ ഏർപ്പെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക ആക്രമണം നടത്തിയെന്നും ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു. ജനവാസ മേഖലകളിൽ യുഎസ് നടത്തിയ നീക്കത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും പ്രത്യാക്രമണങ്ങളും വർദ്ധിച്ചതോടെ ഹോർമൂസ് കടലിടുക്കിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

