തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കവെ, ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.
102 സീറ്റുകൾ നേടി കോൺഗ്രസും യുഡിഎഫും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്നും ഈ സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നടപടികളും നേതാക്കളുടെയോ പ്രവർത്തകരുടെയോ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായതായും എഐസിസി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തലസ്ഥാന നഗരിയിലടക്കം ഗ്രൂപ്പ് തിരിഞ്ഞുള്ള വാക്പോരും ഫ്ലക്സ് യുദ്ധവും മുറുകുന്ന പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്റെ ഈ ഇടപെടൽ. പാർട്ടിയുടെ ഐക്യത്തിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർ പിന്തിരിയണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഹൈക്കമാൻഡ് തീരുമാനം വരുന്നത് വരെ അച്ചടക്കം പാലിക്കണമെന്ന കർശന സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്.

