പത്തനംതിട്ട: ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തട്ട സ്വദേശിയായ വിനോദിനെയാണ് പൊലീസ് പിടികൂടിയത്. യുവതി സംസ്ഥാന പൊലീസ് മേധാവിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതി നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സംഭവം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയും പരിചയക്കാരനുമായിരുന്ന വിനോദിന്റെ ഓട്ടോറിക്ഷയാണ് യുവതി പതിവായി യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ വീട്ടിലേക്ക് പോകുന്നതിനിടെ ലൈസന്‍സ് എടുക്കാന്‍ മറന്നുവെന്ന് പറഞ്ഞ് യുവതിയെ പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പരാതി.
അവിടെ വെച്ച് ലഹരിമരുന്ന് കലര്‍ന്ന ജ്യൂസ് നല്കി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഈ സമയത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി ആരോപിച്ചു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് സംഭവം പ്രതിയുടെ ഭാര്യയോട് യുവതി തുറന്നുപറഞ്ഞതായും ഇതില്‍ പ്രകോപിതനായ പ്രതി യുവതിയെ ടാങ്കര്‍ ലോറിയില്‍ ബലമായി കയറ്റിക്കൊണ്ടുപോയി മര്‍ദിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

