Home Keralaഅല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും’; മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും’; മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

by news_desk1
0 comments

കൊച്ചി: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. “അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും” എന്ന പഴമൊഴി ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരത്തിലുള്ള പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്ത് അവകാശമാണുള്ളതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്നും കൂട്ടുകക്ഷിയിലെ പാര്‍ട്ടികള്‍ക്ക് അഭിപ്രായം പറയാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണെന്നും അവര്‍ക്ക് രഹസ്യമായും പരസ്യമായും നിലപാട് വ്യക്തമാക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് യുഡിഎഫിന്റെ ശക്തിയെന്നും അതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ അവഗണിക്കാനാവില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായം പറയുന്നവരെ ചെറുതാക്കി കാണിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശനാണെന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം. തുടര്‍ന്ന് വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

You may also like