പാലക്കാട്: ഇത്തവണത്തെ 30 കോടി രൂപയുടെ ഓണം ബമ്പർ സമ്മാനം ലഭിച്ച ടിക്കറ്റ് തന്റേതാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിലെത്തി. ഈറോഡ് സത്യമംഗലം സ്വദേശി സാദിഖാണ് പരാതിയുമായി എത്തിയത്. ടിക്കറ്റ് നഷ്ടപ്പെട്ടതിനാലാണ് ട്രഷറിയിലോ ബാങ്കിലോ പോകാതെ പൊലീസ് സ്റ്റേഷനിലെത്തിയതെന്നാണ് സാദിഖിന്റെ വിശദീകരണം.
ഡ്രൈവറായ സാദിഖ് പാലക്കാട് എത്തിയപ്പോൾ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് പറയുന്നു. അടുത്ത ദിവസമാണ് താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞത്. മകൾ ടിക്കറ്റിന്റെ ചിത്രം വാട്സ്ആപ്പിലൂടെ വലിയച്ഛന് അയച്ചിരുന്നു. പിന്നീട് ടിക്കറ്റ് കാണാതായെന്നാണ് സാദിഖിന്റെ പരാതി. മകളുടെ കൈയിൽനിന്നാണോ തന്റെ കൈയിൽനിന്നാണോ ടിക്കറ്റ് നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ലെന്നും സാദിഖ് പറയുന്നു.
യഥാർഥ ടിക്കറ്റ് തന്റേതാണെന്നും ഇത്രയും ദിവസം 30 കോടി രൂപയുടെ അവകാശി എത്തിയിട്ടില്ലെന്ന് പറഞ്ഞശേഷം താൻ സമ്മാനാർഹമായ ടിക്കറ്റുമായി എത്തിയപ്പോൾ യഥാർഥ വിജയി എത്തിയെന്ന് പറയുന്നത് എങ്ങനെയാണെന്നും സാദിഖ് ചോദിച്ചു. സത്യമംഗലത്ത് നഷ്ടപ്പെട്ട തന്റെ ടിക്കറ്റ് കേരളത്തിൽ എങ്ങനെ പണമാക്കി മാറ്റിയെന്നും അദ്ദേഹം ചോദിച്ചു.
ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥർ ഇത് യഥാർഥ ടിക്കറ്റല്ലെന്നാണ് അറിയിച്ചതെന്ന് സാദിഖ് പറയുന്നു. അന്യസംസ്ഥാനത്തുനിന്ന് എത്തി ടിക്കറ്റ് എടുക്കുന്നവർക്ക് ടിക്കറ്റ് വ്യാജമാണോ എന്ന് എങ്ങനെ അറിയാനാകുമെന്നും അങ്ങനെയെങ്കിൽ കേരള സർക്കാർ നടപടി സ്വീകരിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജീവിതത്തിൽ അപൂർവമായി ലഭിക്കുന്ന ഭാഗ്യം ഇത്തരത്തിൽ വ്യാജമാകുകയാണെങ്കിൽ എന്തുചെയ്യുമെന്നും സാദിഖ് ചോദിക്കുന്നു.
അതേസമയം, സാദിഖിന്റെ അവകാശവാദം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പരിശോധനയിൽ ടിക്കറ്റ് യഥാർഥമല്ലെന്നാണ് നിലവിലെ വിലയിരുത്തൽ. സത്യമംഗലത്ത് ടിക്കറ്റ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും സാദിഖ് പറയുന്നു. തമിഴ്നാട്ടിൽ ലോട്ടറി നിരോധിച്ചിരിക്കുന്നതിനാൽ അവിടെ കേസെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പാലക്കാട് എത്തി പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും ഒപ്പമാണ് സാദിഖ് പരാതി നൽകാനെത്തിയത്.
