Home Keralaവാതിൽ തുറന്നിട്ട് സർവീസ്; ഒരാഴ്ചയിൽ 2,021 ബസുകൾക്കെതിരെ നടപടി

വാതിൽ തുറന്നിട്ട് സർവീസ്; ഒരാഴ്ചയിൽ 2,021 ബസുകൾക്കെതിരെ നടപടി

by news_desk1
0 comments

തിരുവനന്തപുരം: വാതിലുകൾ തുറന്നുവെച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കേരള പോലീസിന്റെ സംസ്ഥാനവ്യാപക പരിശോധന. സെപ്റ്റംബർ 23 മുതൽ 30 വരെ നടത്തിയ പ്രത്യേക ഡ്രൈവിൽ നിയമലംഘനം കണ്ടെത്തിയ 2,021 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. 31,408 ബസുകൾ പരിശോധിച്ച് 5,57,000 രൂപ പിഴ ഈടാക്കി.

ബസുകൾ ഓടുമ്പോൾ വാതിലുകൾ നിർബന്ധമായും അടച്ചിടുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തിയത്. വാതിൽ തുറന്നുകിടന്നതിനെ തുടർന്ന് യാത്രക്കാർ തെറിച്ചുവീണ് മരിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇത്തരം അപകടങ്ങളിൽ യാത്രക്കാർ മരിക്കുകയും തൃശൂരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഡ്രൈവിന്റെ ഭാഗമായി 2,014 ബോധവൽക്കരണ പരിപാടികൾ നടത്തി. 10,784 പേർ പങ്കെടുത്തു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്‌പിമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു പരിശോധന.

ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്സ്മെന്റ് വിഭാഗവും തുടർന്നും പരിശോധന നടത്തും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പർ 9747001099 വഴി പൊതുജനങ്ങൾക്ക് അറിയിക്കാം. നിയമലംഘനത്തിന്റെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയ്ക്കൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പർ തുടങ്ങിയ വിവരങ്ങളും നൽകണം.

You may also like