ചെന്നൈ: തമിഴ്‌നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറ് പതിറ്റാണ്ടിലേറെയായി സംസ്ഥാന രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് വിരാമമിട്ടാണ് വിജയ് അധികാരത്തിലെത്തിയത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഭംഗിയാര്‍ന്ന ചടങ്ങില്‍ ഗവര്‍ണര്‍ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, നടി തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് നേരിട്ട് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ആദവ് അര്‍ജുന്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്‍, ട്രഷറര്‍ പി. വെങ്കട്ടരമണന്‍, ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്‌മോഹന്‍, ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരും മന്ത്രിസഭയില്‍ ഇടം നേടി. കോണ്‍ഗ്രസില്‍നിന്ന് നിയമസഭാകക്ഷി നേതാവ് എസ്. രാജേഷ് കുമാറും പി. വിശ്വനാഥനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 1967ന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഭാഗമാകുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഭൂരിപക്ഷം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വിജയ് സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ വിവിധ കക്ഷികളുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി വിജയ് തുറന്നെടുത്തു.
സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരങ്ങളിലൊരാളായിരിക്കെ രാഷ്ട്രീയത്തിലേക്ക് പൂര്‍ണസമയ പ്രവേശനം നടത്തിയത് വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങളില്‍ നിര്‍ണായകമായി. ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ രാഷ്ട്രീയ ശക്തിയായി മാറുമെന്ന കണക്കുകൂട്ടലാണ് ടിവികെയുടെ വിജയത്തിന് അടിത്തറയായത്. 2024 ഫെബ്രുവരി രണ്ടിനാണ് ടിവികെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
1974 ജൂണ്‍ 22ന് ചെന്നൈയില്‍ ജനിച്ച വിജയ്, സംവിധായകന്‍ എസ്.എ. ചന്ദ്രശേഖറിന്റെയും ഗായിക ശോഭയുടെയും മകനാണ്. ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹം 1992ല്‍ പുറത്തിറങ്ങിയ ‘നാളൈയ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് സിനിമയിലെ സൂപ്പര്‍താരമായി വളര്‍ന്ന വിജയ് ഇപ്പോള്‍ തമിഴ്‌നാട്ടിന്റെ രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്തിരിക്കുകയാണ്.

