Home Nationalഎസ്‌ഐആര്‍ നിരീക്ഷകനെ ഉപദേഷ്ടാവാക്കി സുവേന്ദു അധികാരി; പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ വിവാദം ശക്തം

എസ്‌ഐആര്‍ നിരീക്ഷകനെ ഉപദേഷ്ടാവാക്കി സുവേന്ദു അധികാരി; പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ വിവാദം ശക്തം

by news_desk1
0 comments

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ നിയമനവുമായി സുവേന്ദു അധികാരി വിവാദത്തില്‍. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികളുടെ പ്രത്യേക നിരീക്ഷകനായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചതാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രത ഗുപ്തയ്ക്ക് ഭരണ-നയരൂപീകരണ മേഖലകളില്‍ ദീര്‍ഘകാല പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ സേവനം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്.

ഇതോടൊപ്പം 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശാന്തനു ബാലയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ശാന്തനു ബാല.

അതേസമയം നിയമനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. എസ്‌ഐആര്‍ നടപടികളിലൂടെ മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ മാത്രം അമ്പതിനായിരത്തോളം വോട്ടര്‍മാരുടെ പേര് ഒഴിവാക്കിയെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. മമത ബാനര്‍ജിയുടെ തോല്‍വി പതിനയ്യായിരത്തിനടുത്ത് വോട്ടുകള്‍ക്കായിരുന്ന സാഹചര്യത്തില്‍ ബിജെപിക്ക് അനുകൂലമായ രീതിയില്‍ എസ്‌ഐആര്‍ മേല്‍നോട്ടം വഹിച്ചതിന് ലഭിച്ച പ്രതിഫലമാണ് സുബ്രത ഗുപ്തയുടെ നിയമനമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയത്.

ബിജെപി നേതൃത്വം ആരോപണങ്ങള്‍ തള്ളി. നിയമനം പൂര്‍ണമായും ഭരണപരമായ പരിചയവും കഴിവും പരിഗണിച്ചാണെന്നും രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് പാര്‍ട്ടിയുടെ പ്രതികരണം.

You may also like