ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങ് സിനിമാ ശൈലിയിലെ അവതരണത്തോടെ ശ്രദ്ധേയമായി. കോട്ടും സ്യൂട്ടുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ വേദിയിലെത്തിയ വിജയ്, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയാണ് അധികാരമേറ്റ് പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ടത്.
‘സി. ജോസഫ് വിജയ് എന്നും നാന്…’ എന്ന് തുടങ്ങിക്കൊണ്ട് പേപ്പറില്‍ നോക്കാതെയായിരുന്നു വിജയ് സത്യവാചകം ചൊല്ലിയത്. ചടങ്ങില്‍ പങ്കെടുത്ത ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുയായികളും ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയപ്പോള്‍ സ്റ്റേഡിയം ആഘോഷവേദിയായി മാറി. സത്യപ്രതിജ്ഞയുടെ അവസാന ഭാഗം മാത്രമാണ് വിജയ് വായിച്ച് പൂര്‍ത്തിയാക്കിയത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും ഉറപ്പുനല്‍കി. എന്തും നേരിടാന്‍ തയ്യാറാണെന്നും എട്ട് കോടി തമിഴ്നാട് ജനങ്ങളും തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
‘തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല, ചെയ്തവനെ വിടുകയും ഇല്ല. സംസ്ഥാന ഖജനാവ് കാലിയായിരിക്കാം, പക്ഷേ ജനങ്ങളുടെ ഒരു ചില്ലിക്കാശും ദുരുപയോഗം ചെയ്യില്ല. ഒപ്പമുണ്ടായിരുന്ന എല്ലാവര്ക്കും നന്ദി. തമിഴ്നാട്ടില്‍ പുതിയ യുഗത്തിന് തുടക്കമാവുകയാണ്. നമുക്കൊരുമിച്ച് മുന്നോട്ട് പോകാം,’ വിജയ് പ്രസംഗത്തില്‍ പറഞ്ഞു.
ആറ് പതിറ്റാണ്ടിലേറെയായി തമിഴ്നാട് ഭരിച്ചിരുന്ന ദ്രാവിഡ രാഷ്ട്രീയ ശക്തികളെ പിന്തള്ളി അധികാരത്തിലെത്തിയ വിജയ്യുടെ സത്യപ്രതിജ്ഞ രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, നടി തൃഷ കൃഷ്ണന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

