Home Keralaമുഖ്യമന്ത്രി തീരുമാനം വൈകുന്നു; കോൺഗ്രസിനെതിരെ മുസ്ലിം ലീഗിന്റെ കടുത്ത വിമർശനം

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; കോൺഗ്രസിനെതിരെ മുസ്ലിം ലീഗിന്റെ കടുത്ത വിമർശനം

by news_desk1
0 comments

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. തീരുമാനം ഇനിയും വൈകിയാൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് നൽകിയത്.

മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഉടൻ വ്യക്തത വരുത്തിയില്ലെങ്കിൽ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. “ദില്ലിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 50 ദിവസം എടുത്തില്ലേയെന്ന് പറഞ്ഞാൽ കേരളത്തിൽ ആളുകൾ മുഖത്തടിക്കും” എന്നും അബ്ദുൽ ഹമീദ് വിമർശിച്ചു.

കേരളം രാഷ്ട്രീയ ബോധമുള്ള സംസ്ഥാനമാണെന്നും ഉത്തരേന്ത്യൻ മാതൃകയിലെ അനിശ്ചിതത്വം ഇവിടെ അംഗീകരിക്കപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും പല ഇടങ്ങളിലും വിജയാഘോഷങ്ങൾ പോലും നടത്താനാകാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

“പല സ്ഥലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് പരിപാടികളിൽ പങ്കെടുക്കേണ്ടെന്ന് പറയേണ്ട സാഹചര്യമുണ്ട്. മുഖ്യമന്ത്രി വിഷയത്തിൽ തീരുമാനം വൈകുന്നതിൽ അണികളിലും ജനങ്ങളിലും കടുത്ത അതൃപ്തിയുണ്ട്. ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തതെന്ന് ആളുകൾ ചോദിക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ മുസ്ലിം ലീഗ് സ്വന്തം നിലപാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ലീഗിന്റെ അഭിപ്രായങ്ങളെ കോൺഗ്രസ് എല്ലായ്പ്പോഴും മാനിച്ചിട്ടുണ്ടെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി.

You may also like