കൊച്ചി: കോതമംഗലം പലവൻപടി പുഴയിൽ മുങ്ങിമരിച്ച മാർ ബസേലിയോസ് ദന്തൽ കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ വിയോഗം കലാലയത്തെ കണ്ണീരിലാഴ്ത്തി. സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലികളോടെ കോളേജ് ക്യാമ്പസ് നൊമ്പരക്കടലായി മാറി.
കോട്ടയം സ്വദേശികളായ ബിയോൺ, അതുൽ, തിരുവനന്തപുരം സ്വദേശി ഹരീഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ ഇടമലയാർ പവർഹൗസിന് സമീപമുള്ള പലവൻപടി ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ഒൻപത് പേരടങ്ങുന്ന സംഘത്തിൽപ്പെട്ട മൂന്ന് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും കണ്ണീരോടെ അന്ത്യോപചാരം അർപ്പിച്ചു. ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തി.
ഡീൻ കുര്യാക്കോസ് എംപിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജുവും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥികളുടെ അപ്രതീക്ഷിത വിയോഗം കോളേജ് സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

