Home Keralaമുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ കെസി വേണുഗോപാലിന്റെ ഫ്ലെക്സില്‍ കരിഓയില്‍; കോണ്‍ഗ്രസില്‍ പ്രതിഷേധം കടുപ്പം

മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ കെസി വേണുഗോപാലിന്റെ ഫ്ലെക്സില്‍ കരിഓയില്‍; കോണ്‍ഗ്രസില്‍ പ്രതിഷേധം കടുപ്പം

by news_desk1
0 comments

കണ്ണൂര്‍: കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം കൂടുതല്‍ പരസ്യമാകുന്നു. കണ്ണൂര്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന കെസി വേണുഗോപാലിന്റെ ഫ്ലെക്സില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു.

രമേശ് ചെന്നിത്തല, വി ഡി സതീശന്‍, സണ്ണി ജോസഫ്, കെസി വേണുഗോപാല്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്ലെക്സിലായിരുന്നു പ്രതിഷേധം. എന്നാല്‍ മറ്റ് നേതാക്കളുടെ ചിത്രങ്ങളെ ഒഴിവാക്കി കെസി വേണുഗോപാലിന്റെ ചിത്രത്തില്‍ മാത്രം കരിഓയില്‍ ഒഴിച്ചതാണ് ശ്രദ്ധേയമായത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഫ്ലെക്‌സ് യുദ്ധം അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടും വിവിധ ഭാഗങ്ങളില്‍ അനുകൂല ഫ്ലെക്സുകള്‍ ഉയരുന്നുണ്ട്. എറണാകുളം പള്ളുരുത്തിയില്‍ വി ഡി സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ച് സ്ഥാപിച്ച ഫ്ലെക്സും ചര്‍ച്ചയായിട്ടുണ്ട്. “വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി കോണ്‍ഗ്രസ് നയിക്കട്ടെ” എന്ന സന്ദേശവുമായാണ് ഫ്ലെക്സ് ഉയര്‍ന്നത്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിവിധ നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം നേരിട്ട് തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കെസി വേണുഗോപാലിന് രാഹുല്‍ ഗാന്ധിയുടെയും ഖര്‍ഗെയുടെയും ശക്തമായ പിന്തുണയുണ്ടെന്ന വിലയിരുത്തലുകളും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാണ്.

മുഖ്യമന്ത്രി പ്രഖ്യാപനം എട്ടാം ദിവസവും നീളുന്നതില്‍ ഘടകകക്ഷികളില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. ദേശീയ തലത്തിലും കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. അവസാനഘട്ട ചര്‍ച്ചകളില്‍ കെസി വേണുഗോപാലിന് മുന്‍തൂക്കം ഉണ്ടെന്നും ബുധനാഴ്ചയോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിടയുണ്ടെന്നുമാണ് സൂചന.

You may also like