Home Top Stories‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, പക്ഷേ ഇനിയും വൈകരുത്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്

‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, പക്ഷേ ഇനിയും വൈകരുത്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്

by news_desk
0 comments

മലപ്പുറം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം യൂത്ത് ലീഗ്. മുഖ്യമന്ത്രി തീരുമാനം അനിശ്ചിതമായി നീളുന്നത് അണികളിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. വലിയ ആവേശത്തിലായിരുന്ന പ്രവർത്തകർക്ക് ആ ആവേശത്തിനൊത്ത് ആഘോഷിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുക എന്നത് മുസ്ലിം ലീഗിന്റെ പാരമ്പര്യമാണ്. എന്നാൽ തീരുമാനം വേഗത്തിൽ ഉണ്ടാകണമെന്നാണ് അണികളുടെ വികാരം. വൈകിയാണെങ്കിലും ജനങ്ങൾക്ക് സ്വീകാര്യനായ ഒരാൾ വരുമെന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, പ്രതിസന്ധി നീളുന്ന പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് നാളെ രാവിലെ 10 മണിക്ക് പാണക്കാട്ട് അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസിന്റെ അന്തിമ നിലപാട് ലീഗിന് അനുകൂലമല്ലെങ്കിൽ സ്വീകരിക്കേണ്ട കാര്യങ്ങളാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ലീഗ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഇനിയും കാലതാമസം നേരിട്ടാൽ അത് രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലീഗ് എംഎൽഎമാരും നേതാക്കളും ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഘടകകക്ഷികളുടെ വികാരം കൂടി പരിഗണിച്ച് ഹൈക്കമാൻഡ് വേഗത്തിൽ പ്രഖ്യാപനം നടത്തണമെന്നാണ് ലീഗിന്റെ ആവശ്യം.

You may also like