ആലുവ: വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുൻ ബിഗ് ബോസ് വിജയി പി.ഡി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ‘ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്ബ്’ ആണ് അധികൃതർ ലേലത്തിൽ വിറ്റത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശിക ജിന്റോ നഗരസഭയ്ക്ക് നൽകാനുണ്ട്.
2017-ലാണ് 2000 ചതുരശ്ര അടി വിസ്തീർണമുള്ള നഗരസഭയുടെ സ്ഥലത്ത് ജിന്റോ ജിം ആരംഭിച്ചത്. എന്നാൽ 2021-ന് ശേഷം സ്ഥാപനത്തിന്റെ വാടക കൃത്യമായി അടച്ചിരുന്നില്ല. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കുടിശ്ശിക തീർക്കാത്തതിനെത്തുടർന്നാണ് ജിമ്മിലെ ഉപകരണങ്ങൾ ഉൾപ്പെടെ ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചത്.
ലേലത്തിലൂടെ 6.15 ലക്ഷം രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഫോർട്ട് കൊച്ചി സ്വദേശിയായ ജിം ഉടമയാണ് ലേലം ഉറപ്പിച്ചത്. ലേലം കഴിഞ്ഞിട്ടും 10 ലക്ഷത്തോളം രൂപയുടെ നഷ്ടം നഗരസഭയ്ക്ക് ഇപ്പോഴുമുണ്ട്. ഈ തുക ഈടാക്കുന്നതിനായി ജിന്റോയ്ക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

