Home Entertainment‘തുടക്കം’ തിയറ്ററുകളിൽ; വിസ്മയയുടെ ആദ്യ ചിത്രം കാണാൻ പ്രണവും സുചിത്രയും ആദ്യ ഷോയിൽ

‘തുടക്കം’ തിയറ്ററുകളിൽ; വിസ്മയയുടെ ആദ്യ ചിത്രം കാണാൻ പ്രണവും സുചിത്രയും ആദ്യ ഷോയിൽ

by news_desk1
0 comments

കൊച്ചി: മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ‘തുടക്കം’ ഇന്ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തി. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്നു. രാവിലെ 10 മണിക്കാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം ആരംഭിച്ചത്.

വിസ്മയയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിന് സാക്ഷിയാകാൻ സഹോദരൻ പ്രണവ് മോഹൻലാലും അമ്മ സുചിത്ര മോഹൻലാലും കൊച്ചിയിലെ മൾട്ടിപ്ലക്സിൽ ആദ്യ ഷോ കാണാനെത്തി. ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ആദ്യ പ്രദർശനത്തിന് ശേഷം എത്തുന്ന പ്രേക്ഷക പ്രതികരണങ്ങൾക്കായി സിനിമാലോകവും ആരാധകരും കാത്തിരിക്കുകയാണ്.

പ്രഖ്യാപനഘട്ടം മുതൽ തന്നെ വലിയ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പ്രധാന ആകർഷണം വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റമാണ്. ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 139.35 മിനിറ്റാണ് ദൈർഘ്യം.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നവംബർ 17-ന് കുട്ടിക്കാനത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ 30-ന് കൊച്ചിയിൽ നടന്നു.

ലോഞ്ചിംഗ് ചടങ്ങിൽ ഇത് ഒരു ചെറിയ കുടുംബചിത്രമാണെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കിയിരുന്നുവെങ്കിലും, ചിത്രത്തിൽ അതിലുപരി നിരവധി കൗതുകങ്ങൾ ഒളിഞ്ഞിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

‘എമ്പുരാൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധ നേടിയ ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലൂടെ മുഖ്യധാരാ സിനിമയിൽ കൂടുതൽ ശ്രദ്ധേയമായ കഥാപാത്രവുമായി എത്തുകയാണ്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

You may also like