തൃശ്ശൂർ: കുന്നംകുളം സ്വകാര്യ ബസ് അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശിയായ അബ്ദുൽ സലാമാണ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ബോധപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധയും അമിതവേഗത്തിലുള്ള ഡ്രൈവിംഗ് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു.
കുറ്റിപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കാറുകൾ, ഒരു ഓട്ടോറിക്ഷ, ഒരു ബൈക്ക് എന്നിവയിൽ ഇടിച്ച ശേഷം മതിലും ഗേറ്റും തകർത്താണ് ബസ് വീട്ടുമുറ്റത്ത് നിന്നത്.
അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന കുന്നംകുളം പോർക്കുളം സ്വദേശിനിയായ 17-കാരി റിയ ഫാത്തിമയും ബൈക്ക് യാത്രക്കാരിയായ അയ്യംപറമ്പ് സ്വദേശിനി തങ്കമണിയും മരണപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
