ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷങ്ങൾ. രാഷ്ട്രീയ പോരാട്ടങ്ങളും അറസ്റ്റുകളും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് കലൈഞ്ജറുടെ ഓർമ്മദിനം എത്തുന്നത്. ‘എൻ ഉയിരിനും മേലാന അൻപ് ഉടൻപിറപ്പുകളെ…’ എന്ന അദ്ദേഹത്തിന്റെ ഗംഭീര ശബ്ദം ഇന്നും തമിഴ് ജനതയുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
“ഉടൽ മണ്ണുക്കും ഉയിർ തമിഴുക്കും” എന്ന ആശയം ജീവിതമാക്കിയ കരുണാനിധി, എട്ട് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായി മാറി. തെരഞ്ഞെടുപ്പ് തോൽവിയുടെ വേദന ഒരിക്കലും അറിയാത്ത അപൂർവ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മൂർച്ചയാർന്ന വാക്കുകളും ശക്തമായ രാഷ്ട്രീയ നിലപാടുകളും തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആയുധവും കരുത്തും.
പാർട്ടിയുടെയും ദ്രാവിഡ ആശയങ്ങളുടെയും സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കാൻ സിനിമയെ ഫലപ്രദമായി ഉപയോഗിച്ച നേതാവായിരുന്നു കരുണാനിധി. അദ്ദേഹത്തിന്റെ തിരക്കഥകളിലൂടെ എം.ജി.ആറും ശിവാജി ഗണേശനും താരരാജാക്കന്മാരായി ഉയർന്നപ്പോൾ, സ്വന്തം പേരും എഴുത്തിലൂടെ ജനമനസുകളിൽ പതിപ്പിക്കാൻ കലൈഞ്ജറിന് കഴിഞ്ഞു. അടുത്ത സുഹൃത്തായിരുന്ന എം.ജി.ആർ പിന്നീട് ശക്തമായ രാഷ്ട്രീയ എതിരാളിയായപ്പോഴും കരുണാനിധി പോരാട്ടം തുടർന്നു.
പതിനാലാം വയസ്സിലാണ് കരുണാനിധി രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. 1957-ൽ തിരുച്ചിറപ്പള്ളിയിലെ കുഴിത്തല മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയപ്പോൾ, പിന്നീട് അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ ജയലളിത നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. തുടർന്ന് അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി അദ്ദേഹം അധികാരത്തിലെത്തി.
രാഷ്ട്രീയത്തിന് പുറമെ സാഹിത്യത്തിലും സിനിമയിലും മായാത്ത മുദ്ര പതിപ്പിച്ച കരുണാനിധി അറുപതിലധികം സിനിമകൾക്ക് തിരക്കഥയും ഗാനങ്ങളും രചിച്ചു. ജീവചരിത്രങ്ങൾ, നോവലുകൾ, ചരിത്രനോവലുകൾ, നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം പുസ്തകങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളിലുണ്ട്.
മറീന ബീച്ചിന്റെ മണലിൽ വിശ്രമിക്കുന്ന കലൈഞ്ജറുടെ ഓർമ്മ ഇന്നും ഡിഎംകെയുടെയും തമിഴ് രാഷ്ട്രീയത്തിന്റെയും പ്രചോദനമായി തുടരുകയാണ്. ഏത് അസ്തമയത്തിനുശേഷവും ഉദിക്കുന്ന ഉദയസൂര്യനെപ്പോലെ, കരുണാനിധിയുടെ രാഷ്ട്രീയ പാരമ്പര്യവും ഇന്നും തമിഴ് ജനതയുടെ മനസ്സിൽ ജീവിക്കുന്നു.
