ന്യൂഡൽഹി: തലസ്ഥാനത്തെ നങ്ലോയ് പ്രദേശത്ത് നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. പിതാംപുര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
മെയ് 11-ന് രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മംഗോൾപുരിയിലെ ഫാക്ടറിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ അടുത്തെത്തിയ പ്രതികൾ, അവരെ ബലമായി ബസിനുള്ളിലേക്ക് വലിച്ചിഴച്ചു കയറ്റുകയായിരുന്നു. തുടർന്ന് നങ്ലോയ് ഭാഗത്തേക്ക് ബസ് ഓടിച്ചു കൊണ്ടുപോകുകയും അവിടെ വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് പരാതി.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. അതിക്രമത്തിന് ഉപയോഗിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

