തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നേതൃനിരയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. മണ്ഡലങ്ങള്‍ മാറിമാറി മത്സരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നേരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മണ്ഡലങ്ങളില്‍ സജീവമായാല്‍ പോരെന്നും സ്ഥിരമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവരാണ് വിജയിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ Rajeev Chandrasekhar യോഗത്തില്‍ അഭിപ്രായപ്പെട്ടു. കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സഭക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി സി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെയും വിമര്‍ശനം ഉയര്‍ന്നു. ഇത്തരം പരാമര്‍ശങ്ങള്‍ അനവസരത്തിലായിരുന്നുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെയും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. സംഘടനാ കാര്യങ്ങളില്‍ നേതാക്കളെ അറിയിക്കാതെയും സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകപക്ഷീയമായി നടത്തിയെന്നുമാണ് ആരോപണം. കെ സുരേന്ദ്രനും വി മുരളീധരനും ഔദ്യോഗിക പക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പാലക്കാടും തൃശ്ശൂരും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ച പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, നേമം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലായി മൂന്ന് സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. കഴക്കൂട്ടത്ത് വി മുരളീധരനും, ചാത്തന്നൂരില്‍ ബി ബി ഗോപകുമാറും, നേമത്തില്‍ രാജീവ് ചന്ദ്രശേഖറും വിജയിച്ചു.
അതേസമയം, സംസ്ഥാനത്ത് 20 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതം നേടുകയെന്ന ലക്ഷ്യം ബിജെപിക്ക് കൈവരിക്കാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം പാര്‍ട്ടിക്ക് 11.42 ശതമാനം വോട്ടും 24,66,178 വോട്ടുകളും മാത്രമാണ് ലഭിച്ചത്.

