Home Top Storiesവിശദമായ വാദം കേൾക്കാതെ ജാമ്യം റദ്ദാക്കാനാകില്ല; ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതി

വിശദമായ വാദം കേൾക്കാതെ ജാമ്യം റദ്ദാക്കാനാകില്ല; ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതി

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചു. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്തുകൊണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്തില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു.

പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ഗീനകുമാരി ഒത്തുകളിച്ചെന്ന ആരോപണമുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കാമെന്നും, എന്നാൽ ഈ ഘട്ടത്തിൽ ഹർജിയിൽ എതിർകക്ഷിയാക്കിയ ഗീനകുമാരിക്ക് നോട്ടീസ് അയക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആക്രമണത്തിൽ ആർക്കെല്ലാം പരിക്കേറ്റു, അവരുടെ മെഡിക്കൽ രേഖകൾ ഉൾപ്പെടെ ഹാജരാക്കിയിട്ടുണ്ടോയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഒന്നര മണിക്കൂറിനിടെ മുന്നൂറോളം പേർ സ്ഥലത്ത് ഒത്തുകൂടിയതിൽ ഗൂഢാലോചനയുണ്ടെന്നും സംഘടിതമായ ആക്രമണമാണ് നടന്നതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനെ സംഘടിത ആക്രമണമെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേരളത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന അസാധാരണ സംഭവമാണ് തിരുവനന്തപുരത്ത് നടന്നതെന്നും, സിപിഎം നേതാക്കളുടെ അറിവോടെയാണ് ആക്രമണമുണ്ടായതെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്. ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെയും സർക്കാരിന്റെയും ഹർജി 13-ാം തീയതി വീണ്ടും പരിഗണിക്കും.

You may also like