ബാങ്കോക്ക്: തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ 17-കാരിയായ തായ് പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ വിദേശ പൗരൻ അറസ്റ്റിൽ. 40-കാരനായ ഓസ്ട്രേലിയൻ പൗരൻ സൈമൺ പീറ്റർ കാർമാനെയാണ് തായ്‌ലൻഡ് പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാങ്കോക്ക് സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പട്ടായയിലെ ഒരു അപ്പാർട്ട്‌മെന്റിലേക്ക് പെൺകുട്ടിയോടൊപ്പം പ്രതി പ്രവേശിക്കുന്നതും മണിക്കൂറുകൾക്ക് ശേഷം വലിയൊരു ട്രാവൽ ബാഗുമായി ഇയാൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് ട്രാവൽ ബാഗ് മോട്ടോർസൈക്കിളിൽ കയറ്റി റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ കാട്ടുപ്രദേശത്ത് ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു.
പ്രതിക്ക് തായ്‌ലൻഡിലെ നിയമപ്രകാരം പരമാവധി ശിക്ഷ ലഭിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. വധശിക്ഷ തന്നെ നൽകണമെന്നും പെൺകുട്ടിയുടെ രണ്ടാനമ്മ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

