കൊച്ചി: ജര്‍മനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള 100 നഴ്സിങ് ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ‘വര്‍ക്ക് ഇന്‍ ഹെല്‍ത്ത് – ജര്‍മനി’ പദ്ധതിയുടെ ഭാഗമായാണ് നിയമനം.
നഴ്സിങ്ങില്‍ ബിരുദമോ പോസ്റ്റ് ബേസിക് ബാച്ച്ലേഴ്സ് ഡിഗ്രിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. 2026 മെയ് 31-നകം 36 വയസ് കവിയരുത്.
ഐസിയു, മെഡിക്കല്‍ സര്‍ജിക്കല്‍ വാർഡ്, ഓങ്കോളജി, ന്യൂറോളജി, ജീരിയാട്രിക്, പ്രൈവറ്റ് വാര്‍ഡ് തുടങ്ങിയ വിഭാഗങ്ങളിലെ ബെഡ് സൈഡ് പേഷ്യന്റ് കെയര്‍ പരിചയമുള്ളവര്‍ക്കാണ് അവസരം. പീഡിയാട്രിക് അല്ലെങ്കില്‍ നിയോനാറ്റോളജി വിഭാഗങ്ങളില്‍ മാത്രം പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കില്ല.
അപേക്ഷ സമയത്ത് ജര്‍മന്‍ ഭാഷാ പരിജ്ഞാനം നിര്‍ബന്ധമല്ല. ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 യോഗ്യതയുള്ളവരും നോര്‍ക്ക ട്രിപ്പിള്‍ വിന് പദ്ധതിയിലേക്ക് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എ1 മുതല്‍ ബി2 വരെ സൗജന്യ ജര്‍മന്‍ ഭാഷാ പരിശീലനം ലഭിക്കും. ബി1 ലെവല്‍ മുതല്‍ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. കൂടാതെ വിവിധ ലെവലുകളില്‍ പരീക്ഷ വിജയിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും ലഭിക്കും.
ബി2 ലെവല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജര്‍മനിയിലെ ആശുപത്രികളില്‍ നഴ്സായി നിയമനം ലഭിക്കും. തുടക്ക ശമ്പളം കുറഞ്ഞത് 2400 യൂറോയായിരിക്കും. വിസ പ്രോസസ്സിങ്, വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും സൗജന്യമായി നല്‍കും. താല്പര്യമുള്ളവര്ക്ക് മെയ് 21-നകം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 2770540, 2770539,2770566 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

