തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. വെട്ടുകാട് സ്വദേശികളായ റോബിൻസൺ (55, ജോർജ് വില്യം), സനു (45), വലിയവേളി സ്വദേശി ബാബു (40) എന്നിവരെയാണ് കാണാതായത്.
ലിബിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ ജൂൺ 28-ന് വൈകിട്ട് മൂന്നോടെയാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഇന്ന് രാവിലെ ആറോടെ തിരികെ എത്തേണ്ടിയിരുന്നെങ്കിലും തിരിച്ചെത്താതിരുന്നതോടെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഫിഷറീസ് വകുപ്പും തെരച്ചിലിൽ പങ്കുചേർന്നു.
വാടക തിരച്ചിൽ ബോട്ടുകളായ ആഴിമല ശിവൻ ഉച്ചവരെയും തുടർന്ന് കേദാർനാഥ് എന്ന ബോട്ട് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും, കോസ്റ്റ് ഗാർഡും, തീരദേശ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
കടലിലെ ഒഴുക്ക് തെക്കോട്ടായതിനാൽ കന്യാകുമാരിയും കുളച്ചൽ ഭാഗവും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ശക്തമാക്കുന്നതിന് നാവികസേനയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തീരദേശ പൊലീസും ഫിഷറീസ് വകുപ്പും ജില്ലാ കലക്ടർക്ക് കത്ത് നൽകി. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള നാവികസേനയുടെ സന്നാഹങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും അധികൃതർ ഉന്നയിച്ചിട്ടുണ്ട്.

