ആലപ്പുഴ: ചമ്പക്കുളം ജലമേളയിൽ അരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ മികച്ച രീതിയിൽ നടത്തുമെന്ന് ജലമേളയുടെ വേദിയിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു.
പങ്കെടുത്ത ആദ്യ ജലമേളയിൽ തന്നെ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ, ഒരു വള്ളപ്പാടിലേറെ ദൂരത്തിന് നടുഭാഗം ചുണ്ടനെ പിന്നിലാക്കിയാണ് രാജപ്രമുഖൻ ട്രോഫി നേടിയത്. മൂന്ന് ഹീറ്റുകളിലായി ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ ചമ്പക്കുളം ജലമേളയിൽ മത്സരിച്ചത്.
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ പി.ജി. കർണനും, ബി ഗ്രേഡ് വിഭാഗത്തിൽ സെന്റ് ജോസഫും വിജയിച്ചു. വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ ഷോട്ട് പുളിക്കത്തറയും പുന്നത്ര പുരയ്ക്കലും ജേതാക്കളായി. ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ ഗംഭീരമാക്കുമെന്നും വള്ളംകളികൾക്കുള്ള ഗ്രാന്റ് വർധിപ്പിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.
അതേസമയം, സർക്കാർ അവധി പ്രഖ്യാപിക്കാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ബോർഡുകളുമായി പ്രതിഷേധവും വള്ളംകളിക്കിടെ ശ്രദ്ധേയമായി. സർക്കാർ അവധി നൽകിയില്ലെങ്കിലും, അവധിയില്ലാത്ത ആവേശത്തോടെ പമ്പയാറിന്റെ ഇരുകരകളും നിറഞ്ഞ ജനക്കൂട്ടമാണ് ഈ സീസണിലെ ആദ്യ ജലമേളയ്ക്ക് ആവേശം പകർന്നത്.

