തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ചേരാൻ ഹൈക്കമാൻഡ് സമ്മർദ്ദം തുടരുമ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ താൻ ഉണ്ടാകണമെങ്കിൽ തന്റെ കൂടെ നിൽക്കുന്ന, നിരവധി തവണ എംഎൽഎമാരായ മുതിർന്ന നേതാക്കളെക്കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ പ്രധാന ആവശ്യം. നാല് തവണയെങ്കിലും എംഎൽഎമാരായ തന്റെ വിശ്വസ്തരുടെ കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടായ ശേഷമേ മന്ത്രിസഭാ പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കൂ എന്ന് അദ്ദേഹം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകിക്കൊണ്ട് ക്യാബിനറ്റിലേക്ക് കൊണ്ടുവരാനാണ് കോൺഗ്രസ് നേതൃത്വത്തിൽ ആലോചന നടക്കുന്നത്. എന്നാൽ, മുൻപ് ഉന്നയിച്ച ആഭ്യന്തര വകുപ്പിനൊപ്പം സ്വന്തം പക്ഷത്തുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യത്തിലും അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. ചെന്നിത്തലയുടെ കടുത്ത നിലപാട് മന്ത്രിസഭാ രൂപീകരണ ചർച്ചകളെ സങ്കീർണ്ണമാക്കിയ പശ്ചാത്തലത്തിൽ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. ചെന്നിത്തലയെ അനുനയിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സതീശന്റെയും പാർട്ടിയുടെയും ശ്രമം.
അതിനിടെ, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ചർച്ചകളിൽ ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ ധാരണയിലെത്തും. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലായിരുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ പത്തരയോടെ തലസ്ഥാനത്ത് തിരിച്ചെത്തും. ചെന്നിത്തലയുടെ നിലപാടും ഘടകകക്ഷികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പാക്കി എത്രയും വേഗം മന്ത്രിസഭാ പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

