തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. കോൺഗ്രസിലും ഘടകകക്ഷികളിലും മന്ത്രിസ്ഥാനം ഉറപ്പിച്ച പ്രമുഖരുടെ പട്ടിക ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവർക്ക് മന്ത്രിസ്ഥാനം ഏകദേശം ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്ക്, ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ആഭ്യന്തര വകുപ്പ് തന്നെ നൽകാനാണ് സാധ്യത. കൂടാതെ കെ. പ്രവീൺകുമാർ, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, വി.ടി. ബൽറാം, ടി.ജെ. വിനോദ്, വി.പി. സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, കെ. ജയന്ത് എന്നിവരും കോൺഗ്രസിന്റെ സജീവ പരിഗണനാ പട്ടികയിലുണ്ട്.
അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന കർശന നിലപാടിലാണ് മുസ്‌ലിം ലീഗ്. ഇതിൽ പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായം, ഐടി), പി.കെ. ബഷീർ (പൊതുമരാമത്ത്), എൻ. ഷംസുദ്ദീൻ (വിദ്യാഭ്യാസം), കെ.എം. ഷാജി (തദ്ദേശഭരണം) എന്നിവർ വകുപ്പുകൾ ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ, അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി ലീഗിൽ പ്രാദേശിക തർക്കം രൂക്ഷമാണ്. തെക്കൻ കേരളത്തെ പ്രതിനിധീകരിച്ച് വി.ഇ. അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കണമെന്ന് പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് താല്പര്യമുണ്ടെങ്കിലും, കോഴിക്കോട് നിന്നും കാസർകോട് നിന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്. കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ള, റസാക്ക് മാസ്റ്റർ, പുതുമുഖമായ പി.കെ. ഫിറോസ് എന്നിവരെയും കാസർകോട് നിന്ന് എ.കെ.എം. അഷ്‌റഫ്, കല്ലത്ര മാഹിൻ ഹാജി എന്നിവരെയുമാണ് പരിഗണിക്കുന്നത്. മറ്റ് ഘടകകക്ഷികളായ ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി.പി. ജോണും മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മോൻസ് ജോസഫിനൊപ്പം അപു ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരെയാണ് അവർ പരിഗണിക്കുന്നത്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ അപു ജോസഫിന് ചീഫ് വിപ്പ് പദവി നൽകിയേക്കും.
അതേസമയം, 102 സീറ്റുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പന്തലിൽ 12,000 പേർക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. ചടങ്ങ് വീക്ഷിക്കാൻ സ്റ്റേഡിയത്തിലേക്ക് അമ്പതിനായിരത്തോളം ആളുകൾ എത്തുമെന്നാണ് പൊതുഭരണ വകുപ്പിന്റെ കണക്കുകൂട്ടൽ. ഘടകകക്ഷികളുമായുള്ള അന്തിമ വട്ട ചർച്ചകൾ കൂടി പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ തന്നെ മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

