Home Keralaഇടുക്കി കോൺഗ്രസിൽ പോര് മുറുകുന്നു; ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ ഭാരവാഹികൾ

ഇടുക്കി കോൺഗ്രസിൽ പോര് മുറുകുന്നു; ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ ഭാരവാഹികൾ

by news_desk
0 comments

തൊടുപുഴ: ഇടുക്കി കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവും ഡീൻ കുര്യാക്കോസ് എംപിയും തമ്മിലുള്ള ഭിന്നത പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഡീൻ കുര്യാക്കോസിനെതിരെ സി.പി. മാത്യു നടത്തിയ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, പ്രസിഡന്റിനെതിരെ പരസ്യപ്രതികരണവുമായി കൂടുതൽ ഡിസിസി ഭാരവാഹികൾ രംഗത്തെത്തി. എംപിയുടെ ഔദാര്യത്തിലാണ് സി.പി. മാത്യു പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി അരുൺ പൊടിപാറ ആരോപിച്ചു. ഡിസിസി പ്രസിഡന്റിനെ നിലയ്ക്ക് നിർത്താൻ കെപിസിസി നേതൃത്വം അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് മാത്രമാണ് സി.പി. മാത്യുവിന് ആകെയുള്ള ബന്ധമെന്ന് മറ്റൊരു ഡിസിസി ജനറൽ സെക്രട്ടറിയായ ഒ.ആർ. ശശി കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി. മാത്യുവിന് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അടിയന്തരമായി അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കണമെന്നും ശശി പരിഹസിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടത്തിയ ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡിസിസി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനെ ഡീൻ കുര്യാക്കോസ് ചോദ്യം ചെയ്തതാണ് ഡിസിസി പ്രസിഡന്റിനെ ചൊടിപ്പിച്ചത്.

ഡീൻ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണെന്നും എംപി സ്വന്തം പണി എടുത്താൽ മതിയെന്നും ഡിസിസി പ്രസിഡന്റിന്റെ പണി താൻ എടുത്തുകൊള്ളാമെന്നുമായിരുന്നു സി.പി. മാത്യുവിന്റെ മറുപടി. ഡിസിസിക്ക് മറ്റ് ജില്ലകളിലെ എംപിമാർ സഹായം ചെയ്യാറുണ്ടെന്നും എന്നാൽ ഡീൻ കുര്യാക്കോസ് ഒരു സഹായവും ചെയ്യാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എംപി എന്നാൽ മെമ്പർ ഓഫ് പാർലമെന്റ് ആകണമെന്നും അല്ലാതെ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുതെന്നും മാത്യു പരിഹസിച്ചിരുന്നു. എന്നാൽ, പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാൻ നേതൃത്വത്തിന് കഴിയണമെന്നും അമിതമായി അച്ചടക്കത്തിന്റെ വാൾ ഉയർത്തുന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ് എന്നുമാണ് ഡീൻ കുര്യാക്കോസ് ഇതിനോട് പ്രതികരിച്ചത്. വി.ഡി. സതീശൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോകുന്നതിനിടെ ഇടുക്കിയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ ചേരിപ്പോര് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

You may also like