ഗാസ സിറ്റി: പലസ്തീനികളുടെ പലായനത്തിന്റെ ഓര്മ ദിനമായ ‘നഖ്ബ ദിനത്തില്‍’ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ റീമാല്‍ മേഖലയിലുള്ള ജനസാന്ദ്രതയേറിയ പാര്‍പ്പിട സമുച്ചയത്തിന് നേരെയാണ് മുന്നറിയിപ്പില്ലാതെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇതിന് പുറമെ ഒരു സിവിലിയന്‍ വാഹനത്തിനുനേരെയും ആക്രമണം നടന്നു. രണ്ടു വ്യത്യസ്ത ആക്രമണങ്ങളിലായി 45ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഹമാസിന്റെ സായുധ വിഭാഗത്തിലെ പ്രധാന നേതാവായ ഇസ് അല്‍-ദിന് അല്‍-ഹദ്ദാദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്സും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ ഹദ്ദാദ് കൊല്ലപ്പെട്ടോയെന്ന കാര്യം ഇസ്രായേലോ ഹമാസോ സ്ഥിരീകരിച്ചിട്ടില്ല.
ഹമാസിനെ നിരായുധീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഹദ്ദാദ് തടസ്സമാകുകയാണെന്നാരോപിച്ചും ഇസ്രായേല്‍ രംഗത്തെത്തി.
കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷവും ഗാസയില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണെന്നും ഇതുവരെ നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

