തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുന്ന പ്രവണതക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ കടുത്ത വിമർശനം. ഇത്തരം നടപടികളിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
പോലീസ് ആസ്ഥാനത്തുനിന്ന് ഇതിനോടകം നൽകിയിട്ടുള്ള നിർദേശങ്ങൾ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ നിർബന്ധിക്കുന്നതു മനുഷ്യാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണെന്ന പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജാണ് പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാന വിഭാഗം എഡിജിപിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ പൊലീസിൽ നിന്ന് ഉണ്ടാകരുതെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള നിർദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എഡിജിപി റിപ്പോർട്ടിൽ അറിയിച്ചു.

