Home Keralaജൂലൈ 15 മുതൽ ബീഫിന് വിലക്കയറ്റം; മലബാർ മേഖലയിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചു

ജൂലൈ 15 മുതൽ ബീഫിന് വിലക്കയറ്റം; മലബാർ മേഖലയിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചു

by news_desk1
0 comments

കോഴിക്കോട്: മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫിന് വില വർധിക്കും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമായത്.

പുതുക്കിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. നിലവിലെ നിരക്കിൽ എല്ലുള്ള ബീഫിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില.

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികളുടെ വില വർധിച്ചതാണ് ഇറച്ചിവില ഉയരാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ അറിയിച്ചു.

മാംസ വ്യാപാര മേഖലയിലെ ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയുടെ വില കുറഞ്ഞതും വില വർധനയ്ക്ക് കാരണമായതായി അസോസിയേഷൻ വ്യക്തമാക്കി. മറ്റ് ജില്ലകളിലും സാഹചര്യമനുസരിച്ച് വില വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ബീഫ് കിലോയ്ക്ക് 520 മുതൽ 600 രൂപ വരെ വിലയ്ക്ക് വിൽക്കുന്നുണ്ട്.

അതേസമയം, ട്രോളിങ് നിരോധനത്തെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ മീൻവിലയും കുത്തനെ ഉയർന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ചെറുവള്ളങ്ങൾ കടലിലിറങ്ങുന്നത് കുറഞ്ഞ സാഹചര്യത്തിൽ മത്തി കിലോയ്ക്ക് 600 രൂപയോളമാണ് നിലവിലെ വിപണിവില.

You may also like