Home Internationalറഷ്യയുടെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം; യുക്രൈനിൽ 13 സിവിലിയൻമാർ കൊല്ലപ്പെട്ടു, പാർപ്പിട സമുച്ചയങ്ങൾ തകർന്നു

റഷ്യയുടെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം; യുക്രൈനിൽ 13 സിവിലിയൻമാർ കൊല്ലപ്പെട്ടു, പാർപ്പിട സമുച്ചയങ്ങൾ തകർന്നു

by news_desk1
0 comments

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ കനത്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 13 സിവിലിയൻമാർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. യുക്രൈൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയായാണ് ഈ നടപടി നടത്തിയതെന്ന് റഷ്യ വ്യക്തമാക്കി.

റഷ്യ കീവിനെതിരെ ഏകദേശം 500 ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇവയിൽ ഭൂരിഭാഗവും യുക്രൈൻ സൈന്യം വെടിവെച്ചിട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ 33 എണ്ണം നഗരത്തിൽ പതിച്ചതായും സ്ഥിരീകരിച്ചു.

ആക്രമണത്തിൽ ഇതുവരെ 13 പേർ കൊല്ലപ്പെട്ടതായും 90-ലധികം പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കീവിലെ 20-ലധികം സ്ഥലങ്ങളിൽ ആക്രമണത്തെ തുടർന്ന് നാശനഷ്ടമുണ്ടായി. ഇതിൽ ഭൂരിഭാഗവും സാധാരണ ജനങ്ങൾ താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങളാണ്. ഒരു ആംബുലൻസ് സ്റ്റേഷൻ, ഗവേഷണ സ്ഥാപനം, ഹോട്ടൽ എന്നിവയും ആക്രമണത്തിൽ തകർന്നു.

ഡാർനിറ്റ്‌സ്‌കി മേഖലയിലെ ഒരു ബഹുനില പാർപ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 15 വയസ്സുകാരിയും കുടുംബവും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തങ്ങളുടെ ഊർജ നിലയങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ വ്യോമാക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസവും റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിന് നേരെ യുക്രൈൻ ആക്രമണം നടത്തിയിരുന്നു.

You may also like