അടുക്കളയിൽ സ്ഥിരസാന്നിധ്യമുള്ള ചെറിയുള്ളി രുചിക്കായി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ പ്രകൃതിദത്ത ഔഷധമായി ചെറിയുള്ളിയെ കണക്കാക്കപ്പെടുന്നു. ധാരാളം ആന്റിഓക്സിഡന്റുകളും പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങൾക്കും പ്രതിരോധശേഷി നൽകാൻ ചെറിയുള്ളിക്ക് കഴിയും.
ചെറിയുള്ളിയിൽ സവാളയെയും വെളുത്തുള്ളിയെയും അപേക്ഷിച്ച് കൂടുതലായി പോളിഫിനോളിക് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണിവ. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കുന്നതിലും ചെറിയുള്ളി ഫലപ്രദമാണ്. ഇതുവഴി ഹൃദയാഘാതം പോലുള്ള അസുഖങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ചെറിയുള്ളി ചതയ്ക്കുമ്പോൾ രൂപപ്പെടുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ അയൺ, കോപ്പർ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രക്തക്കുറവ് പരിഹരിക്കാനും രക്താണുക്കളുടെ അളവ് വർധിപ്പിക്കാനും ഇത് സഹായകമാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചെറിയുള്ളി ഗുണകരമാണ്. രക്തപ്രവാഹം ക്രമീകരിക്കുന്നതിലൂടെ ബിപി നിയന്ത്രണത്തിൽ നിർത്താൻ ഇത് സഹായിക്കും. ചെറിയുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില സൾഫർ ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും ഇത് ഉപകാരപ്രദമാണ്.
വൈറൽ അണുബാധകളെ പ്രതിരോധിക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ചെറിയുള്ളി സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

