Home Top Storiesതിരുവഞ്ചൂർ സ്പീക്കർ; ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക്

തിരുവഞ്ചൂർ സ്പീക്കർ; ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക്

by news_desk1
0 comments

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കറായി എത്തുമെന്ന് സൂചന. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതായും വിവരമുണ്ട്. ഇരുവരും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നതാണ് നിലവിലെ സൂചന.

യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവി നൽകാനാണ് ധാരണ. ഈ വിഷയത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് ചർച്ച നടക്കും.

ആലപ്പുഴയിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവെന്ന നിലയിൽ ഷാനിമോൾ ഉസ്മാന്റെ പേര് മന്ത്രിസ്ഥാനത്തിനും പരിഗണനയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് വനിതാ എംഎൽഎമാരിൽ ഏറ്റവും മുതിർന്ന നേതാവെന്ന പരിഗണനയും ഷാനിമോളിന് അനുകൂലമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് നേതൃത്വം പരിഗണിച്ചത്. കെപിസിസി കോർ കമ്മിറ്റിയിലെ ഏക വനിതാ അംഗമായ ഷാനിമോൾ രണ്ടാംവട്ടമാണ് നിയമസഭയിലെത്തുന്നത്.

അതേസമയം, മന്ത്രിസഭയിൽ ഇടം ലഭിക്കണമെന്ന ആഗ്രഹം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും നിയമസഭാ നടപടികളിലുള്ള പരിചയസമ്പത്തും ചട്ടങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവും പരിഗണിച്ചാണ് സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചതെന്നാണ് സൂചന.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. എന്നാൽ ഒരു മന്ത്രിസ്ഥാനം മാത്രവും ചീഫ് വിപ്പ് പദവിയും നൽകാനാണ് നിലവിലെ ധാരണ. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാൽ മോന്‍സ് ജോസഫിനൊപ്പം അപു ജോസഫ് അല്ലെങ്കിൽ തോമസ് ഉണ്ണിയാടൻ മന്ത്രിസഭയിലെത്താൻ സാധ്യതയുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം ഇവരിൽ ഒരാൾ ചീഫ് വിപ്പ് പദവിയിലേക്ക് പരിഗണിക്കപ്പെടും. അപു ജോസഫിനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

You may also like