Home Keralaരണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് വിഭാഗം; പിന്തുണയുമായി മുസ്ലിം ലീഗ്, യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് വിഭാഗം; പിന്തുണയുമായി മുസ്ലിം ലീഗ്, യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

by news_desk1
0 comments

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കി. മത്സരിച്ച എട്ട് സീറ്റുകളില്‍ ഏഴിലും വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അവകാശവാദം ഉന്നയിക്കുന്നത്. മുസ്ലിം ലീഗും ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് പിന്തുണ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്.

പി ജെ ജോസഫും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അതേസമയം, മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം മുന്നണി നേതൃത്വ ചര്‍ച്ചകള്‍ക്കുശേഷമാകും.

ഇതിനിടെ, വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍നിന്ന് മന്ത്രിമാരാകാന്‍ സാധ്യതയുള്ള നേതാക്കളുടെ പട്ടികയും പുറത്തുവന്നു. സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയില്‍ ഉള്ളത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പ്രധാന വകുപ്പ് ലഭിക്കാനിടയുണ്ടെന്നാണ് സൂചന. വട്ടിയൂര്‍ക്കാവില്‍ ശ്രദ്ധേയ വിജയം നേടിയ കെ മുരളീധരനും സുപ്രധാന വകുപ്പിനായുള്ള പരിഗണനയിലാണ്. വനിതാ പ്രതിനിധിത്വത്തിന്റെ ഭാഗമായി ബിന്ദു കൃഷ്ണ മന്ത്രിസഭയിലെത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രി സ്ഥാനമോ സ്പീക്കര്‍ പദവിയോ ലഭിക്കാമെന്ന ചര്‍ച്ചകളുണ്ടെങ്കിലും സ്പീക്കര്‍ പദവിയിലേക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതുപ്പള്ളിയില്‍ മികച്ച വിജയം നേടിയ ചാണ്ടി ഉമ്മനും മന്ത്രിസഭയില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കോണ്‍ഗ്രസില്‍നിന്ന് മുഖ്യമന്ത്രിയടക്കം 11 പേര്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.

അതേസമയം, ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

You may also like