ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ലഖ്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനും വിദ്യാർത്ഥിനിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതോടെയാണ് നടപടി.
“ഡാർലിങ്, നിനക്കായി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് എന്നെ കാണാൻ വരുന്നത്? വീട്ടിൽ നിന്ന് നേരത്തെ വരണം, കോളജിൽവച്ച് പേപ്പർ തരാം” എന്ന രീതിയിലുള്ള പരംജിത് സിങ്ങിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാൽ ചോദ്യപേപ്പർ ആവശ്യമില്ലെന്ന് വിദ്യാർത്ഥിനി മറുപടി നൽകുന്നതും സംഭാഷണത്തിലുണ്ട്.
ബിഎസ്‌സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്. ചോർത്തിയ പരീക്ഷാ പേപ്പറുകളുടെ പേരിൽ പരംജിത് നിരന്തരം ഉപദ്രവിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം. അമ്മയുടെ അസുഖത്തെ തുടർന്ന് അവധിയിലായിരുന്ന സമയത്തും ഇയാൾ നിരന്തരം ഫോണിൽ വിളിക്കുകയും കോളജിൽ എത്താൻ നിർബന്ധിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സർവകലാശാല അധികൃതർ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പരംജിത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

