മലപ്പുറം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കാൻ മുസ്‌ലിം ലീഗ് തയ്യാറായതായി സൂചന. പകരമായി ഫിഷറീസ് വകുപ്പ് ലീഗിന് ലഭിക്കുമെന്നാണു പുറത്തുവരുന്ന വിവരം. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പി.സി. വിഷ്ണുനാഥിന് നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചനയെന്നും സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന്റെ തുടർചർച്ചകൾ ഉടൻ നടക്കും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ലീഗ് യോഗം പാണക്കാട് ഹാളിൽ ആരംഭിച്ചു.
ഇതിനിടെ യുഡിഎഫ് മന്ത്രിസഭയിൽ മുസ്‌ലിം ലീഗിൽ നിന്ന് പി.കെ. ബഷീർ തന്നെ ഇടംപിടിക്കുമെന്ന സൂചനകളും ശക്തമാണ്. കെ.എം. ഷാജിയെ ഒഴിവാക്കി ബഷീറിനെ പരിഗണിക്കാനാണ് സാധ്യത. മന്ത്രിസ്ഥാനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമമുണ്ടെന്ന സൂചന ലഭിച്ചതോടെ പി.കെ. ബഷീർ അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കെ.എം. ഷാജി.
പി.കെ. ബഷീറിനെ മന്ത്രിയാക്കണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളിലും ശക്തമായി ഉയരുന്നുണ്ട്. വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ മുന്നിൽ നിന്ന് നയിച്ച നേതാവിന് പാർട്ടി നീതി ഉറപ്പാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
അഞ്ച് മന്ത്രിമാരുടെ പട്ടികയാണ് മുസ്‌ലിം ലീഗ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ നാല് മന്ത്രിസ്ഥാനം മാത്രമേ അനുവദിക്കാനാകൂവെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. വിഷയത്തിൽ അന്തിമ ധാരണ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ലീഗിന്റെ മന്ത്രിമാരുടെ പട്ടിക ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. മന്ത്രിപ്പട്ടിക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

