ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുശതമാനം വർധിച്ചതും മൂന്ന് എംഎൽഎമാർ വിജയിച്ചതുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ജി. സുധാകരൻ രൂക്ഷമായി വിമർശിച്ചു. വെള്ളാപ്പള്ളി നടേശൻ ഏറെക്കാലമായി മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്നയാളാണെന്ന് അദ്ദേഹം ആരോപിച്ചു.
“ഇന്നലെ വരെ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞയാളാണ് വെള്ളാപ്പള്ളി. നാളെ എന്ത് പറയും എന്ന് പറയാനാകില്ല. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണ്,” എന്നും ജി. സുധാകരൻ പറഞ്ഞു.
എസ്എൻഡിപി യോഗത്തിന്റെ മുഖപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും അദ്ദേഹം പരാമർശിച്ചു. വെള്ളാപ്പള്ളി നടേശൻ നിലപാട് മാറ്റുന്ന വ്യക്തിയാണെന്നും, അദ്ദേഹത്തെ താൻ സന്ദർശിച്ചത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.
അമ്പലപ്പുഴയിൽ ഭൂരിഭാഗം മുസ്ലിം വോട്ടുകളും തനിക്കാണ് ലഭിച്ചതെന്നും മുസ്ലിം സമൂഹം വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം കേട്ടല്ല വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും കേരളത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനങ്ങളിലൊന്നാണെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

