ചെന്നൈ: തന്റെ കുടുംബജീവിതം തകർക്കാൻ ഒരു നടി ശ്രമിച്ചുവെന്ന നടൻ രവി മോഹന്റെ പരാമർശം തമിഴ് സിനിമാരംഗത്ത് വിവാദമായി. വാർത്താസമ്മേളനത്തിനിടെ ‘ഇഡ്ഡലി നടി’ എന്ന വിശേഷണം ഉപയോഗിച്ചാണ് രവി മോഹൻ ആരോപണം ഉന്നയിച്ചത്. പിന്നാലെ ഈ പരാമർശം നടി ഖുശ്‌ബുവിനെ ലക്ഷ്യമിട്ടാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾ ഉയർന്നു.
ഇതിനിടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഖുശ്‌ബുവും രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. “ചിലർ അവരുടെ ജനിതകം തെളിയിക്കാൻ പരമാവധി ശ്രമിക്കുകയാണ്. ഞാൻ ശരിയാണെന്ന് തെളിയിച്ചതിന് നന്ദി,” എന്നാണ് ഖുശ്‌ബു കുറിച്ചത്.
ഭാര്യ ആർതിയുമായി വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന് രവി മോഹൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വാർത്താസമ്മേളനത്തിൽ ഭാര്യയ്‌ക്കെതിരെയും സിനിമാരംഗത്തെ ചിലരെയും ലക്ഷ്യമിട്ടും അദ്ദേഹം രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.
“മൂന്ന് അക്ഷരങ്ങളുള്ള ഒരു നടിയുണ്ട്. പേര് പറഞ്ഞാൽ കേസ് വരും. അതുകൊണ്ട് ‘ഇഡ്ഡലി നടി’ എന്ന് പറയാം. നിരവധി കുടുംബങ്ങളെ തകർക്കാൻ ശ്രമിച്ച ആളാണ് അവർ. എന്നെക്കുറിച്ച് സംസാരിക്കാൻ അവർക്കെന്താണ് യോഗ്യത,” എന്നായിരുന്നു രവി മോഹന്റെ പരാമർശം.
പരാമർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

