Home Internationalഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0’ സൂചന നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താൻ ഇറാൻ; ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0’ സൂചന നൽകി ട്രംപ്

by news_desk1
0 comments

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് വഴിവെക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ലോകം പുതിയൊരു ആഗോള ക്രമത്തിലേക്കാണ് കടക്കുന്നതെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാവ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഇറാനിയൻ നിയമനിർമ്മാതാവ് ഇബ്രാഹിം അസീസിയും വ്യക്തമാക്കി.

ഇറാനെ എതിർക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ യാത്രാനുമതി നിഷേധിക്കുമെന്നും, സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ അനുമതി നൽകൂവെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരായ സൈനിക നടപടികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ കൂടുതൽ കപ്പലുകൾക്ക് ഇറാൻ നിലവിൽ കടന്നുപോകാൻ അനുമതി നൽകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, ഇറാൻ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0’ എന്ന പേരിൽ സൈനിക നീക്കം നടത്താനുള്ള സാധ്യത പരിഗണിക്കാൻ ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഗാസയിലും ലെബനനിലും നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെയാണ് ഹോർമുസ് വിഷയവും പുതിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെക്കുന്നത്.

You may also like